Trending

വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കഴുത്തു ഞെരിച്ച് കൊന്നു; കുറ്റം സമ്മതിച്ച് യുവതി.


തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒരു വയസ്സുള്ള പെൺകുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് അമ്മ അശ്വതിയുടെ വെളിപ്പെടുത്തൽ. കുഞ്ഞിനെ താൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പോലീസ് ചോദ്യം ചെയ്യലിൽ അശ്വതിയുടെ കുറ്റസമ്മതം. കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷം തുടർ നടപടിയെന്ന് പോലീസ് അറിയിച്ചു. അശ്വതി മുമ്പ് വിഷാദരോഗ ലക്ഷണങ്ങളുണ്ടായ വ്യക്തിയെന്ന് ബന്ധുക്കൾ പറയുന്നു. അശ്വതിയുടേയും സുഭാഷിൻ്റേയും മകൾ പവിത്ര ക്രൂര കൊലപാതകത്തിനാണ് ഇരയായത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തൊഴിലുറപ്പിന് പോയി തിരികെ വന്ന അമ്മൂമ്മ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുഞ്ഞ് പായയിൽ നിലത്ത് കിടക്കുകയായിരുന്നു. ഒരു വയസും ഒരു മാസവും മാത്രമാണ് കുഞ്ഞിന്റെ പ്രായം. ചലനമറ്റ നിലയിൽ കിടന്ന കുഞ്ഞിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് വീട്ടുകാരും ആശുപത്രി അധികൃതരും സംഭവം പോലീസിനെ അറിയിച്ചു. 

പോലീസ് വീട്ടിലെത്തി വിശദമായി പരിശോധന നടത്തി. കുഞ്ഞിൻ്റെ കഴുത്തിൽ പാടുകൾ കണ്ടത് ദുരൂഹത വർധിപ്പിച്ചു. തുടർന്നാണ് പോലീസ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിന്റെ ചുണ്ട് പൊട്ടിയതായും വിവരമുണ്ട്. കുഞ്ഞിന് പരിക്കേറ്റ സാഹചര്യം എങ്ങനെയുണ്ടായെന്ന് പോലീസ് വിശദമായി പരിശോധിക്കും.

Post a Comment

Previous Post Next Post