Trending

കക്കോടിയിൽ ലഹരിസംഘങ്ങൾ പിടിമുറുക്കുന്നു: ബണ്ട് റോഡും പരിസരവും താവളമാക്കി പ്രവർത്തനം.


​കക്കോടി: കക്കോടി ബസാറും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിസംഘങ്ങളുടെ പ്രവർത്തനം വ്യാപകമാകുന്നു. കമ്മ്യൂണിറ്റി ഹാൾ പരിസരം, ബൈപാസ് റോഡരികിലെ ബണ്ട്, മഠത്തിൽ ബിൽഡിംഗ് എന്നിവിടങ്ങളാണ് പ്രധാനമായും മയക്കുമരുന്ന്-മദ്യ വിൽപ്പനക്കാരുടെ താവളമായി മാറിയിരിക്കുന്നത്. പുഴക്കരികിലെ കുറ്റിക്കാടുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം സജീവമാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

രാവിലെ മുതൽ തന്നെ യുവാക്കളുടെ സംഘം ഈ പ്രദേശങ്ങളിൽ തമ്പടിക്കുന്നുണ്ട്. പോലീസിന്റെ സാന്നിധ്യം മുൻകൂട്ടി അറിയാൻ വിവിധ പോയിന്റുകളിൽ സഹായികളെ നിർത്തിയാണ് ഇവരുടെ പ്രവർത്തനം. സിന്തറ്റിക് മയക്കുമരുന്നുകൾക്ക് പുറമെ നാടൻ ചാരായവും വിദേശ മദ്യവും ഇവിടെ സുലഭമായി വിൽക്കപ്പെടുന്നുണ്ടെന്ന് വ്യാപാരികളും വീട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലഹരി തേടി ഇവിടെ എത്തുന്നുണ്ട്. ഇത് പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും വ്യാപാരികൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

​ലഹരി ഉപയോഗിക്കുന്നവർക്ക് വെള്ളവും മറ്റ് സൗകര്യങ്ങളും നൽകുന്ന ചില ഹോട്ടലുകളും കൂൾബാറുകളും നിലവിൽ പോലീസ് നിരീക്ഷണത്തിലാണ്. ​കഴിഞ്ഞ ദിവസം ബദിരൂരിൽ വിദ്യാർത്ഥിയെ കെട്ടിയിട്ട് മർദ്ദിക്കുകയും നഗ്ന വീഡിയോ പകർത്തിയ സംഭവത്തിലെ പ്രതികൾക്ക് ഈ ലഹരി സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ലഹരി സംഘങ്ങളെക്കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടും നടപടികൾക്ക് വേഗതയില്ലെന്നാണ് വ്യാപാരികളുടെ പ്രധാന ആക്ഷേപം.

Post a Comment

Previous Post Next Post