താമരശ്ശേരി: പുതുപ്പാടി കാക്കവയലിൽ നാട്ടുകാർക്ക് നേരെ നടുറോഡിൽ യുവാവിൻ്റെ പരാക്രമം. കാക്കവയൽ വട്ടപ്പറമ്പിൽ നിഷാദ് (40) ആണ് പരാക്രമം നടത്തിയത്. ഇന്നു രാവിലെ ബസ്സിൽ കയറാനായി റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെ തൂമ്പ വീശിയാണ് സംഭവത്തിൻ്റെ തുടക്കം. കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ പിതാവ് ചാമപ്പുറായിൽ റഷീദിൻ്റെ തലയ്ക്ക് ഇയാൾ തൂമ്പ കൊണ്ട് അടിക്കാൻ ശ്രമിച്ചു. ഇത് തടയുന്നതിനിടെ റഷീദിൻ്റെ കൈയുടെ എല്ല് ഒടിഞ്ഞു. ആളുകളുടെ പിന്നാലെ ഓടുന്നതിനിടക്ക് റോഡിൽ വീണ് യുവാവിനും പരിക്കേറ്റു.
പിന്നീട് നാട്ടുകാരും ബന്ധുക്കളും ചേർന്ന് കൈ കാലുകൾ കൂടികെട്ടി യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അശുപത്രിക്ക് അകത്ത് വെച്ചും ഇയാൾ പലതവണ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് പോലീസ് എത്തി ആബുലൻസിൽ ഡി-അഡിഷൻ ചികിത്സക്കായി കുതിരവട്ടം ആശുപത്രിയിലേക്ക് മാറ്റി. നിഷാദ് എംഡിഎംഎ ഉപയോഗിക്കുകയും, വിൽപ്പന നടത്തുകയും ചെയ്യുന്ന ആളാണെന്നും ഏറെക്കാലം വിദേശത്ത് ആയിരുന്ന ഇയാൾ മുമ്പ് നാടൻ വാറ്റ് മദ്യവുമായി കൈയോടെ പിടിക്കപ്പെട്ടിരുന്നെന്നും നാട്ടുകാർ പറഞ്ഞു.