എലത്തൂർ: ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച വിദ്യാർത്ഥിയുടെ മരണ വാർത്തയിൽ കണ്ണീരണിഞ്ഞ് നാട്. എലത്തൂർ പുതിയാപ്പയിലാണ് നാടിനെ നടുക്കിയ സംഭവം. പുതിയാപ്പ പണ്ടാരക്കണ്ടി മനോജിന്റെ മകൻ ശ്രീനന്ദൻ (12) ആണ് മരിച്ചത്. അച്ഛനും സഹോദരിക്കുമൊപ്പം പുത്തൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയപ്പോൾ രാവിലെ ഏഴോടെയായിരുന്നു അപകടം.
ശ്രീനന്ദന് നീന്തൽ അറിയാമായിരുന്നു. മകൾ പാർവതിയെ നീന്തൽ പഠിപ്പിക്കുന്ന ശ്രദ്ധയിലായിരുന്നു മനോജ്. ഇതിനിടെ ശ്രീനന്ദൻ വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു. ഉടൻ തന്നെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ കണ്ടെത്തി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെളിയിൽ പൂഴ്ന്നു പോയതാണെന്നാണ് കരുതുന്നത്. പുതിയാപ്പ ഗവ.ഫിഷറീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനന്ദൻ.