പയ്യോളി: തുറയൂര്‍ മുണ്ടാളിത്താഴെ ഭഗവതി ക്ഷേത്രത്തിന് സമീപം കിടപ്പു രോഗിയായ അമ്മയേയും മകനേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടാളിത്താഴെ മാധവി അമ്മ (88), മകന്‍ സജീഷ് (48) എന്നിവരാണ് മരിച്ചത്. മാധവി അമ്മയെ കിടപ്പുമുറിയിലും സജീഷ് തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിച്ച നിലയിലുമായിരുന്നു.
രാവിലെ ഏഴു മണിയോടെ അയല്‍വാസികളാണ് മൃതദേഹം കണ്ടത്. വീട്ടുപറമ്പില്‍ മതില്‍ കെട്ടാനെത്തിയ അയല്‍വാസികള്‍ ആരെയും പുറത്തു കാണാതായതോടെ വീടിനടുത്തേക്ക് പോയി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. മൂന്ന് മാസമായി കിടപ്പിലായിരുന്നു മാധവി അമ്മ. ഡിസ്‌കിലുള്ള എല്ലുപൊട്ടി ചികിത്സയിലായിരുന്നു.
അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിന്റെ യഥാർത്ഥ കാരണം എന്താണെന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പോലീസ് അന്വേഷണവും കഴിഞ്ഞാലേ വ്യക്തമാകൂ. സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.