ന്യൂഡൽഹി: കേരളത്തിലും മറ്റു നാലു സംസ്ഥാനങ്ങളിളിലും കേന്ദ്ര ഭരണമുളള പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4ന് ആയിരിക്കും. കേരളത്തിനൊപ്പം ആസാമും, പുതുച്ചേരിയും ഏപ്രിൽ 9ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23ന് ആയിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23ന് ഒന്നാംഘട്ട തിരഞ്ഞെടുപ്പും ഏപ്രിൽ 29ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 4ന് ആയിരിക്കും.
ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി. എസ്ഐആറിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച (മാർച്ച് 13) വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 2.70 കോടി വോട്ടര്‍മാരാണുള്ളത്. ഇനിയും വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ സമയം അവസരമുണ്ട്. പ്രഖ്യാപനം വന്നതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക. കേരളത്തിൽ മൂന്നാം തുടർഭരണം എൽഡിഎഫ് ലക്ഷ്യമിടുമ്പോൾ അധികാരം പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് യുഡിഎഫ്. തമിഴ്നാട്ടിലാകട്ടെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡിഎംകെ സർക്കാരും തുടർഭരണമാണ് ലക്ഷ്യമിടുന്നത്. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ എഐഎഡിഎംകെ ഭരണത്തിൽ തിരിച്ചെത്താമെന്നാണ് സ്വപ്നം കാണുന്നത്. നടൻ വിജയ് നയിക്കുന്ന ടിവികെയുടേത് അത്ഭുത വിജയമെന്ന സ്വപ്നമാണ്.
34 കൊല്ലത്തെ ഇടതുഭരണത്തെ താഴെയിറക്കി 2011-ൽ അധികാരത്തിൽ വന്ന മമതയുടെ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ തുടർച്ചയായ നാലാം ഭരണത്തിനുള്ള പോരാട്ടത്തിലാണ്. ശക്തമായ വെല്ലുവിളിയുയർത്തുന്ന ബിജെപി, ബംഗാളിലെ ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ്. അധികാര വഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ സിപിഎമ്മും കോൺഗ്രസും പങ്കുവയ്ക്കുന്നുണ്ട്. ആസാമിൽ ബിജെപി അധികാര തുടർച്ച ലക്ഷ്യമിടുമ്പോൾ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കാനുള്ള വാശിയിലാണ്. പുതുച്ചേരിയിലും സമാനമാണ് അവസ്ഥ.