Trending

കേരളത്തിൽ എംയിംസ് വരുമോ? പരിഗണയിലില്ലെന്ന് വ്യക്തമാക്കി കേന്ദ്രം.


ന്യൂഡൽഹി: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ. പാർലമെന്റിൽ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് എംപിമാരുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രിയാണ് മറുപടി നൽകിയത്. എയിംസിന് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമായില്ലെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തേ കേരളത്തിലെ എയിംസിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പലരീതിയിലുള്ള തർക്കങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് എയിംസ് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ പറഞ്ഞിരുന്നു. ഇതിനിടെയാണ് എയിംസ് വരുമോ എന്ന കാര്യത്തിൽ തന്നെ ആശങ്കയുണ്ടാക്കുന്ന തരത്തിൽ കേന്ദ്രത്തിൽ നിന്നും പ്രതികരണം വരുന്നത്.

അതേസമയം, കേരളത്തിന് എയിംസ് അനുവദിക്കാത്തത് ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്രസർക്കാർ വീണ്ടും സാവകാശം തേടിയിരിക്കുകയാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 22 എയിംസ് അനുവദിച്ചപ്പോൾ കേരളത്തെ മാത്രം ഒഴിവാക്കാൻ സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു.

എന്നാൽ, സാമ്പത്തിക വർഷാവസാനമായതിനാൽ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് വിശദീകരണം ലഭിച്ചില്ലെന്ന് കേന്ദ്ര സ‌ർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് പരിഗണിച്ച കോടതി മറുപടി സത്യവാംഗ്‌മൂലം സമർപ്പിക്കാൻ ഏപ്രിൽ 10 വരെ കേന്ദ്രത്തിന് സമയം അനുവദിച്ചു.

2016 ല്‍ കേരളം കോഴിക്കോട് കിനാലൂര്‍, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം, എറണാംകുളം എന്നിവിടങ്ങളില്‍ എയിംസ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അതില്‍ നിന്നും 2025-ല്‍ സംസ്ഥാന സർക്കാർ കോഴിക്കോട് കിനാലൂരില്‍ ഭൂമി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനൊന്നും അനുമതി ആയിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ലോക്‌സഭയില്‍ പറഞ്ഞത്.

Post a Comment

Previous Post Next Post