കൊല്ലം: നടനും സംവിധായകനുമായ ഇ.എ രാജേന്ദ്രൻ (71) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചാണ് മരണപ്പെട്ടത്. ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും.
നാടകനടനായി അഭിനയ ജീവിതം തുടങ്ങിയ രാജേന്ദ്രന്‍ അറുപതോളം സിനിമകളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ രാജേന്ദ്രൻ കാരക്ടർ റോളുകളിലും, വില്ലൻ റോളുകളിലും അഭിനയിച്ചു. നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു അദ്ദേഹം.
പ്രശസ്ത നാടകാഭിനേതാക്കളായിരുന്ന ഒ.മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. അവരുടെ മകൻ ദിവ്യദർശൻ സിനിമാഭിനേതാവാണ്. നടനും എംഎൽഎയുമായ എം.മുകേഷിൻ്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ.