കൊല്ലം: കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തിയ ശേഷം മടങ്ങി പോകുന്നതിനിടെ കരുനാഗപ്പള്ളി പുതിയകാവിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ. കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിലെത്തി കാറിൽ മടങ്ങി പോവുകയായിരുന്നു. പ്രതിയെ പിന്തുടർന്ന ആയുധങ്ങളേന്തിയ സംഘം കാർ ഒരു വശത്തേക്ക് ഇടിച്ചിട്ടായിരുന്നു ആക്രമിച്ചത്. അക്രമികൾ നിരവധി തവണ അതുലിനെ വെട്ടി. അതീവ ഗുരുതരാവസ്ഥയിൽ അതുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ ഗുണ്ടാകുടിപ്പകയാണെന്നാണ് അനുമാനം.
ഗുണ്ടാകുടിപ്പകയുടെ മറ്റൊരു ഇരയായിരുന്നു ജിം സന്തോഷ്. ജിം സന്തോഷിനെ വീട്ടിൽ കയറി ക്രൂരമായാണ് കൊലപ്പെടുത്തിയത്. പുലർച്ചെ വീട്ടിലെത്തിയ ഒരു സംഘം അമ്മയുടെ മുൻപിൽ വെച്ചായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്. അന്ന് കേസിൽ പ്രതികളെല്ലാം അറസ്റ്റിലായിരുന്നു. കരുനാഗപ്പള്ളി ഓച്ചിറ മേഖല കേന്ദ്രീകരിച്ചുളള ഗുണ്ടാ സംഘമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.