Trending

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്; 8 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയില്ലെങ്കിൽ ഇനി മുതൽ റീഫണ്ടില്ല.


ന്യൂഡൽഹി: ടിക്കറ്റുകൾ റദ്ദാക്കലുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിച്ച് റെയിൽവേ. ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് റദ്ദാക്കിയില്ലെങ്കിൽ ഇനി മുതൽ റീഫണ്ട് തുക തിരികെ ലഭിക്കില്ല. കൺഫേംഡ് ടിക്കറ്റുകൾ അവസാന നിമിഷം റദ്ദാക്കുന്നത് തടയാനും അർഹരായ യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പാക്കാനുമാണ് റെയിൽവേയുടെ ഈ പുതിയ നീക്കം.

സാധാരണയായി യാത്രക്കാർ ചാർട്ട് തയ്യാറാക്കുന്നതിന് തൊട്ടുമുമ്പ് ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങുകയാണ് ചെയ്യാറുള്ളത്. എട്ടു മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കണമെന്ന പരിധി നിശ്ചയിക്കുന്നതോടെ ഒഴിവുകള്ള സീറ്റുകൾ നേരത്തെ അറിയാൻ സാധിക്കും. യാത്രക്കാർക്ക് തങ്ങളുടെ ബോർഡിംഗ് പോയിന്റ് അതായത് യാത്ര തുടങ്ങുന്ന സ്റ്റേഷൻ മാറ്റുന്നതിന് കൂടുതൽ ഇളവുകളും സൗകര്യങ്ങളും അനുവദിക്കാനും നടപടിയുണ്ട്. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

റെയിൽവേയുടെ പുതിയ പദ്ധതികളുടെയും ട്രാക്കുകളുടെയും നിർമ്മാണ നിലവാരം മെച്ചപ്പെടുത്തുന്നതിന് കർശ്ശനമായ മാനദണ്ഡങ്ങൾ കൊണ്ടുവരും. റെയിൽവേയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അഞ്ച് പ്രധാന പരിഷ്കാരങ്ങളും പ്രഖ്യാപിച്ചു. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, ടിക്കറ്റ് വിതരണത്തിൽ സുതാര്യത ഉറപ്പാക്കുക, ചരക്ക് നീക്കം വേഗത്തിലാക്കുക എന്നിവയാണ് പുതിയ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം.

ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ബോർഡിങ് പോയിന്റ് തെരഞ്ഞെടുക്കാൻ സമയം ലഭിക്കും. ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യാത്ര തുടങ്ങുന്ന സ്റ്റേഷൻ മാറ്റേണ്ടി വരുന്നവർക്ക് ഇത് വലിയ ആശ്വാസമാകും. തൽകാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ അധിഷ്ഠിത ഒടിപി വെരിഫിക്കേഷനും നിർബന്ധമാക്കിയിട്ടുണ്ട്. ടിക്കറ്റ് മാഫിയകളെയും ഏജന്റുമാരെയും തടയാനും യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ സുരക്ഷാ ക്രമീകരണം.

ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിലെ ക്രമക്കേടുകൾ തടയാൻ 'ആന്റി-ബോട്ട്' സംവിധാനം നടപ്പിലാക്കിയതായും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി സംശയാസ്പദമായ രീതിയിൽ പ്രവർത്തിച്ചിരുന്ന മൂന്നു കോടിയോളം യൂസർ ഐഡികൾ റെയിൽവേ റദ്ദാക്കി. ഓട്ടോമേറ്റഡ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ ടിക്കറ്റുകൾ തട്ടിച്ചെടുക്കുന്ന രീതി ഇതിലൂടെ അവസാനിക്കും.

Post a Comment

Previous Post Next Post