ന്യൂഡൽഹി: ഊർജപ്രതിസന്ധിയില്ലെന്ന് പറയുമ്പോഴും പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്ന സമയ പരിധിയിൽ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിര്‍ദ്ദേശപ്രകാരം ഗ്രാമപ്രദേശങ്ങളിൽ എൽപിജി സിലിണ്ടറുകൾ ഇപ്പോൾ 45 ദിവസത്തിന് ശേഷം മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. അതേസമയം നഗരപ്രദേശങ്ങളിൽ 25 ദിവസത്തെ സമയപരിധിക്ക് ശേഷം ബുക്കിംഗ് നടത്താൻ കഴിയും.
രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയ്ക്ക് ക്ഷാമമില്ലെന്നും ഇന്ധന ലഭ്യത സുരക്ഷിതമാണെന്നും കേന്ദ്രസർക്കാർ വ്യാഴാഴ്ച പാർലമെന്റിൽ അറിയിച്ചിരുന്നു. ഇന്ത്യയില്‍ ആഭ്യന്തര എൽപിജി വിതരണം പൂർണമായും സുരക്ഷിതമാണെന്നും ഏത് സാഹചര്യവും നേരിടാൻ ഇന്ത്യയ്ക്ക് മതിയായ കരുതൽ ശേഖരമുണ്ടെന്നും കേന്ദ്രം വാദിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്.
രാജ്യത്തെ റിഫൈനറികൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും മന്ത്രി പറയുന്നു. ഗാർഹിക പാചകവാതകം ബുക്കിംഗിന് ഒരു തടസവുമില്ലെന്നും എല്ലാവർക്കും യഥേഷ്ടം ലഭ്യമാകുമെന്നുമാണ് കേന്ദ്രം വാദിക്കുന്നത്. എന്നാൽ നിലവിൽ രാജ്യത്തിന്റെ അവസ്ഥ അങ്ങനെയല്ല എന്നതാണ് വാസ്തവം.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പാചകവാതകത്തിന്റെ ക്ഷാമം മൂലം നിരവധി ഹോട്ടലുകളാണ് ദിനംപ്രതി പൂട്ടിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള കോളേജ് ഹോസ്റ്റലുകളിൽ പലതും പൂർണമായും അടയ്ക്കുകയും മറ്റിടങ്ങളിൽ വിഭവങ്ങൾ പരിമിതമായി വെട്ടിച്ചുരുക്കുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം.
വീടുകളിൽ പോലും പാചകവാതകം ബുക്ക് ചെയ്യാൻ 25, 45 ദിവസങ്ങളുടെ ഇടവേള നിർബന്ധമാക്കിയിരിക്കുകയാണ്. രാജ്യത്ത് ഒരു ക്ഷാമവുമില്ലെന്ന് കേന്ദ്രം വാദിക്കുമ്പോൾ പിന്നെന്തിനാണ് പാചകവാതകം ബുക്ക് ചെയ്യാൻ ഇത്തരത്തിൽ ഇടവേള നിർബന്ധമാക്കിയിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയില്ല.