ന്യൂഡൽഹി: നമ്മുടെ കയ്യിലുള്ള ഒരു പാര്‍സലോ പ്രധാനപ്പെട്ട രേഖകളോ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയക്കുമ്പോള്‍ എല്ലാവരും ആഗ്രഹിക്കുന്നത് രണ്ട് കാര്യങ്ങളാണ്. വേഗതയും വിശ്വാസ്യതയും. സ്വകാര്യ കൊറിയര്‍ കമ്പനികളോട് കിടപിടിക്കുന്ന തരത്തില്‍, അതിവേഗ സേവനവുമായി തപാല്‍ വകുപ്പ് (ഇന്ത്യ പോസ്റ്റ്) അതിന് തയ്യാറായി കഴിഞ്ഞു. ‘24 സ്പീഡ് പോസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ തപാല്‍ പെട്ടികള്‍ക്കും പോസ്റ്റ്മാന്‍മാര്‍ക്കും ഇനി വേഗം കൂടുതലായിരിക്കും. സാധാരണക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിലാണ് ഈ 'എക്‌സ്പ്രസ് ഡെലിവറി' സേവനം ഒരുക്കിയത്.
പ്രീമിയം സേവനം.
അടിയന്തരമായി അയക്കേണ്ട പാഴ്‌സലുകള്‍, രേഖകള്‍, മറ്റു സാധനങ്ങള്‍ എന്നിവ അടുത്ത ദിവസം തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന ഇന്ത്യ പോസ്റ്റ് ഉറപ്പുനല്‍കുന്ന പുതിയ പ്രീമിയം സേവനമാണിത്. ഇന്ന് ഡല്‍ഹിയില്‍ വെച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യയും സഹമന്ത്രി ഡോ. ചന്ദ്രശേഖര്‍ പെമ്മസാനിയും ചേര്‍ന്ന് ഇതിന്റെ ഉത്ഘാടനം നിര്‍വഹിക്കും. തുടക്കത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട 6 മെട്രോ നഗരങ്ങളിലാണ് (ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്) ഈ സേവനം ലഭ്യമാകുക.
കൃത്യമായ ഡെലിവറി ഉറപ്പ്.
സാധനം അയച്ചാല്‍ അടുത്ത ദിവസമോ അല്ലെങ്കില്‍ അതിനടുത്ത ദിവസമോ കൃത്യമായി എത്തിക്കുമെന്നാണ് തപാല്‍ വകുപ്പ് ഉറപ്പ് നല്‍കുന്നത്. ഈ പാഴ്‌സലുകള്‍ക്കായി പ്രത്യേക വിന്‍ഡോകളും വിമാനമാര്‍ഗ്ഗമുള്ള അതിവേഗ കൈമാറ്റവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധനങ്ങള്‍ കൈമാറുന്നത് ഒടിപി ഉപയോഗിച്ചായിരിക്കും. ഇത് തെറ്റായ ആളുകളുടെ കൈവശം സാധനങ്ങള്‍ എത്താതിരിക്കാന്‍ സഹായിക്കും. പാഴ്‌സല്‍ എവിടെ എത്തിയെന്ന് എസ്എംഎസ് വഴി തത്സമയം അറിയാന്‍ സാധിക്കും. പറഞ്ഞ സമയത്തിനുള്ളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഉറപ്പുനല്‍കിയ സേവനത്തിന്റെ ഭാഗമായി പണം തിരികെ ലഭിക്കുന്ന സംവിധാനവും ഇതിലുണ്ട്.