ബത്തേരി: സംസ്ഥാന അതിർത്തിയായ വയനാട് പൊൻകുഴിയിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. സംഭവുമായി താമരശ്ശേരി തച്ചംപൊയിൽ പുത്തൻവീട്ടിൽ മുഹമ്മദ് ജുസൈമിനെ (22) എക്സൈസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ വയനാട് എക്സൈസ് ഇന്റലിജൻസും, വയനാട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ലഹരിക്കടത്ത് കണ്ടെത്തിയത്.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള 'ഓപ്പറേഷൻ ഹോട്ട്‌സ്‌പോട്ട് 2.0' സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 312.513 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തത്. ഹൈദരാബാദിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു ജുസൈമ്. അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇയാളിൽ നിന്നും മാരക രാസലഹരി കണ്ടെത്തിയത്.
ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ മുഹമ്മദ് ജുസൈമ് എന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ പത്ത് ലക്ഷം രൂപയോളം വില വരും.