കുന്ദമംഗലം: ബസിൽ അതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ നടപടി. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയത്.
ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മജിസ്ട്രേറ്റ് കോടതി വാദം കേട്ടത്. തുടർന്ന് വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യ ചെയ്ത ദീപക്കിനെ മുന്‍പരിചയമില്ലെന്നും വീഡിയോ ചിത്രീകരണത്തിന് പിന്നിൽ ദുരുദ്ദേശമില്ലെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു.
സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മേൽ കോടതിയെ സമീപിക്കുമെന്ന് ഷിംജിതയുടെ അഭിഭാഷകർ വ്യക്തമാക്കി. മഞ്ചേരി സബ് ജയിലിലാണ് ഷിംജിത റിമാൻഡിൽ തുടരുന്നത്.