Trending

പോക്‌സോ കേസ്; കിനാലൂർ സ്വദേശിയായ അധ്യാപകനെ കോടതി വെറുതെ വിട്ടു.


ബാലുശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബസ്സിൽ വെച്ച് മോശമായി പെരുമാറിയെന്ന കേസില്‍ അധ്യാപകനെ കോടതി വെറുതെ വിട്ടു. ബാലുശ്ശേരി കിനാലൂര്‍ സ്വദേശിയും പൂവമ്പായ് ഹൈസ്‌കൂള്‍ അധ്യാപകനുമായ ഷാനവാസിനെയാണ് കൊയിലാണ്ടി പ്രത്യേക പോക്‌സോ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്.

2023 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. ബസ്സില്‍ സഹയാത്രികനായിരുന്ന അധ്യാപകനെതിരെ പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തിന് ശേഷം പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ ആരംഭിക്കുകയുമായിരുന്നു. വിചാരണക്കിടെ പ്രോസിക്യൂഷന്‍ ഭാഗം എട്ട് സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ തെളിവായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍, ഹാജരാക്കിയ മൊഴികളും രേഖകളും പ്രതിക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാന്‍ മതിയായവ അല്ലെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷിമൊഴികളിലെ വൈരുധ്യങ്ങളും സംഭവ സന്ദര്‍ഭത്തെ പിന്തുണയ്ക്കുന്ന ഉറച്ച തെളിവുകളുടെ അഭാവവും കോടതി പ്രത്യേകം പരിഗണിച്ചതായും വിധിന്യായത്തില്‍ വ്യക്തമാക്കി.
                          
കേസിന്റെ എല്ലാ ഘട്ടങ്ങളും വിലയിരുത്തിയ ശേഷമാണ് വിധി പ്രസ്താവിച്ചതെന്നും, നിയമപരമായ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് തീരുമാനം എടുത്തതെന്നും കോടതി അറിയിച്ചു. പ്രോസിക്യൂഷന്‍ ഭാഗം വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് അധ്യാപകന്‍ പറഞ്ഞു. പ്രതിക്കുവേണ്ടി അഡ്വ കെ.പി ഫിലിപ്പ് കോടതിയില്‍ ഹാജരായി.

Post a Comment

Previous Post Next Post