ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം. തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ പ്രതിരോധ സേന മിസൈൽ ആക്രമണം നടത്തി. ടെഹ്‌റാനിൽ ശക്തമായ സ്ഫോടനമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറിയിലും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രായേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണമെന്നാണ് സൂചന. ഇറാൻ്റെ തിരിച്ചടി കണക്കിലെടുത്ത് പൗരന്മാർക്ക് ഇസ്രായേൽ കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രത്യാക്രമണ സൂചന നൽകി ഇസ്രായേലിൽ ആകെ സൈറണുകൾ മുഴങ്ങുകയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ പ്രത്യാക്രമണങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും മുൻ കരുതൽ എന്ന നിലയിൽ ഹോം ഫ്രണ്ട് കമാൻഡ് കർശ്ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസമ്മേളനങ്ങൾ, അനിവാര്യമല്ലാത്ത തൊഴിലിടങ്ങൾ എന്നിവ നിരോധിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ബങ്കറുകൾക്ക് അടുത്ത് തന്നെ തുടരാനുമാണ് സൈന്യം ജനങ്ങൾക്ക് നൽകുന്ന നിർദ്ദേശം. ജനങ്ങൾ സുരക്ഷിത സ്ഥാനത്ത് തന്നെ തുടരണമെന്ന് ഐഡിഎഫും മുന്നറിയിപ്പ് നൽകി. "ഇസ്രയേലിന് നേരെയുള്ള ആക്രമണ സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് പൊതുജനങ്ങളെ സജ്ജമാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിതെന്ന് സൈന്യം വ്യക്തമാക്കി.