കക്കയം: കക്കയം ഡാം സൈറ്റ് മേഖലയിൽ കെഎസ്‌ഇബിക്ക് കീഴിലുള്ള ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു. ടൂറിസം കേന്ദ്രത്തിൽ രണ്ട് സ്പീഡ് ബോട്ട് ഉള്ളതിൽ ഒരു സ്പീഡ് ബോട്ട് അറ്റകുറ്റപ്പണിക്ക് നിർത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞിരുന്നു. ഇതോടെ കിലോമീറ്ററുകൾ താണ്ടി ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിലേക്കെത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുന്ന സാഹചര്യമായിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ പോലും യാഥാർത്ഥ്യമാവാത്ത ടൂറിസ്റ്റ് കേന്ദ്രത്തിൽ സഞ്ചാരികൾക്ക് ആകെയുള്ള ആശ്രയമായിരുന്നു ഡാം റിസർവോയറിലൂടെയുള്ള സ്പീഡ് ബോട്ട് സർവീസ്. വിനോദസഞ്ചാരികൾ നേരിടുന്ന പ്രയാസത്തെക്കുറിച്ചും, ഒരു മാസത്തോളമായി ബോട്ട് സർവീസ് നിർത്തിയതോടെ ഹൈഡൽ ടൂറിസം വൻസാമ്പത്തിക നഷ്ടം നേരിടുന്നതിനെക്കുറിച്ചും വാർത്തകളുണ്ടായിരുന്നു. കക്കയം ഹൈഡൽ ടൂറിസം അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് ബോട്ട് സർവീസ് പുനരാരംഭിച്ചത്.