പാലക്കാട്: പട്ടാമ്പിയിൽ ഗർഭിണി മരിച്ചത് ചികിത്സാപിഴവല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറിയതിനെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഇന്നലെ രാവിലെ പത്തരയോടെയാണ് നൗഷിജ താലൂക്ക് ആശുപത്രിയിൽ കുഴഞ്ഞുവീണത്. തുടർന്ന് ശ്വാസതടസവും അമിത രക്തസ്രാവവും ഉണ്ടായി. പിന്നാലെ യുവതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ പരിശോധന നടക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പ്രാഥമിക റിപ്പോർട്ട് പ്രകാരം ചികിത്സാ പിഴവ് കണ്ടെത്താനായില്ലെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ഹിതേഷ് ശങ്കർ പറയുന്നത്. അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ഡോക്ടർമാർക്ക് ഒന്നും ചെയ്യാനാകില്ല. അത് തന്നെയാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിലും സംഭവിച്ചിരിക്കുന്നത് എന്നാണ് ഫോറൻസിക് സർജൻ വ്യക്തമാക്കിയിരിക്കുന്നത്.