തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സാപ്പിഴവിനെ തുടർന്ന് രണ്ടര വയസ്സുകാരി മരിച്ചതായി പരാതി. ചക്കിപ്പാറ സ്വദേശി സിദ്ദിഖിൻ്റെ മകൾ ഐഷാ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ മമൽ ആശുപത്രിക്കെതിരെയാണ് പരാതി. മാതാപിതാക്കൾ നൽകിയ പരാതിയിൽ ആര്യനാട് പോലീസ് കേസെടുത്തു.
ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു കുട്ടിയെ കാട്ടാക്കട മമൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ശ്വാസ തടസ്സത്തിന് ആവി പിടിച്ചശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷൻ എടുത്തു. ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ കുട്ടിയുടെ നില വഷളായതായാണ് കുടുംബം പരാതിയിൽ പറയുന്നത്. കുട്ടിയെ ഉടൻ ആംബുലൻസിൽ നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബന്ധുക്കളെ ആംബുലൻസിൽ കയറുന്നതിൽ നിന്ന് ആശുപത്രി ജീവനക്കാർ ആദ്യം തടഞ്ഞതായും കുട്ടിയുടെ പിതാവ് പറഞ്ഞു. മൃതദേഹം നെയ്യാർ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. സിദ്ദിഖ്-ഫൈസലത്ത് ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് ഐഷ.