Trending

ഭാര്യ മോഷണക്കേസിൽ കുടുങ്ങി; അപമാന ഭാരത്താൽ യുവാവ് തീ കൊളുത്തി മരിച്ചു.


കൊല്ലം: ഭാര്യ മോഷണക്കേസിൽ പിടിയിലാവുകയും റിമാൻഡിലാവുകയും ചെയ്തതിന് പിന്നാലെ യുവാവ് തീ കൊളുത്തി മരിച്ചു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലിൽ റഫീഖ് (41) ആണ് മരിച്ചത്. ഭാര്യ ജയിലിൽ ആയതിന്റെ മനോവിഷമം താങ്ങാനാവാതെയായിരുന്നു യുവാവിന്റെ ആത്മഹത്യ. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിൽ വെച്ച് സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. 

ഫെബ്രുവരി 16നാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ചലിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ സ്വകാര്യ ബസിൽ നിന്നു കുഞ്ഞിന്റെ മുക്കാൽ പവൻ തൂക്കമുള്ള സ്വർണക്കൊലുസ് മോഷണം പോയിരുന്നു. കുഞ്ഞിന്റെ അമ്മ വിവരം ബസ് ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സബീനയുടെ പക്കൽ നിന്നും സ്വർണം കണ്ടെത്തി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. 

ഇതിന്റെ അപമാന ഭാരത്താൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു റഫീക്ക്. പിന്നീട് മകനെ ഭാര്യവീട്ടിൽ കൊണ്ടാക്കിയ ശേഷം വീട്ടിൽ മടങ്ങിയെത്തി ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീപടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ റഫീഖിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും

Post a Comment

Previous Post Next Post