കൊയിലാണ്ടി: കൊയിലാണ്ടി നന്തിയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് മക്കാൻ താഴത്തെ വീട്ടിൽ ഹാഫിസ് താജുദ്ദീൻ (22) ആണ് മരിച്ചത്. ഉടനെ തന്നെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. നന്തിക്കും തിക്കോടിക്കും ഇടയിൽ ഇരുപതാംമൈൽസിൽ വെച്ചാണ് അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം റോഡിൽ നിന്നും തെന്നി ടോറസ് ലോറിക്കടിയിൽ പെടുകയായിരുന്നു. റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.