തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയയിലെ പിഴവിൽ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ.ഷാഹിദയെയും നഴ്സിങ് ഓഫീസർ പി.എസ് ധന്യയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൻ്റ അടിസ്ഥാനത്തിലാണ് നടപടി.
ശസ്ത്രക്രിയയിൽ പിഴവുണ്ടായതിൽ കുറ്റക്കാർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. വിദഗ്ധ സമിതിയെ അന്വേഷണത്തിന് നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസറും ഫോറന്‍സിക് വിഭാഗം മേധാവിയും സര്‍ജറി വിഭാഗം പ്രൊഫസറുമാണ് അന്വേഷണ സംഘത്തിലുള്ളത്.