മലപ്പുറം: കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ ആറു വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. എടവണ്ണപ്പാറ ഞാറ്റൂർ നരിവായിൽ അബൂബക്കർ സിദ്ധീഖിന്റെ മകൻ അഹമ്മദ് നവാജ് (6) ആണ് മരിച്ചത്. ചീക്കോട് തലക്കോട്ടയിലുള്ള ഉമ്മയുടെ വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു കുട്ടി.
ഇന്നലെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. വീട്ടുപറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി, അവിടേക്ക് വന്ന മയിലിനെ കണ്ട് അതിനു പിന്നാലെ ഓടുകയായിരുന്നു. ഓട്ടത്തിനിടയിൽ കുട്ടി പറമ്പിലെ ഉപയോഗത്തിലില്ലാത്തതും ആൾമറയില്ലാത്തതുമായ കിണറ്റിൽ വീണു.
രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ മൂത്ത സഹോദരൻ അഹമ്മദ് മിൻഹാജും കിണറ്റിൽ കുടുങ്ങി. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന മൂന്നാമത്തെ കുട്ടി വീട്ടിലെത്തി വിവരമറിയിച്ചു. വീട്ടുകാരും, നാട്ടുകാരും ഓടിയെത്തി കിണറ്റിൽ കുടുങ്ങിയ ഇരുവരെയും പുറത്തെടുത്തെങ്കിലും ഇളയ കുട്ടിയെ രക്ഷിക്കാനായില്ല.