ആലപ്പുഴ: ഭർതൃവീട്ടിൽ നിന്നു 35 പവനോളം സ്വർണ്ണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. ചേർത്തല എസ്എൽ പുരം കോർത്തുശ്ശേരി ജി.ആതിര (26) യെയാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല തൈക്കാട്ടുശ്ശേരി കൊച്ചുപറമ്പിൽ രഘുനാഥന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവുമാണ് മോഷണം പോയത്.
2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ആതിരയുടെ ഭർത്താവിന്റെ അമ്മ ചിട്ടി പിടിച്ച തുകയായ 30,000 രൂപയും മാല, വള, പാദസരം, സ്റ്റഡ് ഉൾപ്പെടെയുള്ള 35 പവൻ സ്വർണ്ണവുമാണ് മോഷണം പോയത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ആതിര സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവിനെ വിളിച്ചു വരുത്തി മോഷ്ടിച്ചത് താനാണെന്ന് ആതിര കുറ്റസമ്മതം നടത്തി.
പിന്നീട് വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞ പ്രതിയെ കോട്ടയത്ത് നിന്നാണ് അറസ്റ്റു ചെയ്തത്. ചേർത്തല ഡിവൈഎസ്പി അനിൽകുമാർ ടി.യുടെ നിർദ്ദേശപ്രകാരം എസ്എച്ച്ഒ ഷഫീക്ക്, എസ്ഐ വീനസ്, എഎസ്ഐ ലിജിമോൾ, സിപിഒമാരായ ഗിരീഷ്, പ്രവീഷ്, പ്രവീൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.