കൊയിലാണ്ടി: അടച്ചിട്ട വീടുകളിൽ കവർച്ച നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിലായി. കൊയിലാണ്ടിക്കും പയ്യോളിക്കും ഇടയിൽ ദേശീയപാതയ്ക്കരികിലെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മോഷണം. പകൽ സമയങ്ങളിൽ ആക്രിക്കച്ചവടവും സെപ്റ്റിക്ക് ടാങ്ക് ക്ലീനിങ്ങുമാണ് ജോലി. തമിഴ്നാട് സ്വദേശികളായ കാർത്തികേയൻ, കാർത്തി മുരുകേശൻ എന്നിവരാണ് പിടിയിലായത്. സംഘത്തിൽപ്പെട്ട ഒരാൾകൂടി പിടിയിലാകാനുണ്ട്.
ആൾതാമസമില്ലാത്ത വീടുകൾ പകൽ സമയങ്ങളിൽ നോക്കി വെച്ച് രാത്രിയിൽ വന്ന് കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. എട്ടോളം വീടുകളിൽ ഇത്തരത്തിൽ കവർച്ച നടത്തിയതായി പയ്യോളി പോലീസ് പറഞ്ഞു. പ്രതികൾ കഴിഞ്ഞ രണ്ടുമാസമായി ഇത്തരത്തിൽ കവർച്ച നടത്തുന്നുണ്ട്. നാട്ടുകാർ കള്ളന്മാരെ പിടികൂടാൻ ജാഗ്രത സമിതി രൂപീകരിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ പോലീസിന്റെയും നാട്ടുകാരുടെയും നിരീക്ഷണത്തിനിടയിലാണ് കവർച്ചക്കിടെ ഒരാൾ പിടിയിലായത്.
കവർച്ച നടന്ന സ്ഥലങ്ങളിൽ നിന്ന് ലഭിച്ച ക്യാമറ ദൃശ്യങ്ങളിലെല്ലാം ഒരു ഗുഡ്സ് ഓട്ടോ ഉണ്ടായിരുന്നു. ഈ ഗുഡ്സ് ഓട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. ആക്രി കച്ചവടവും സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങും മറയാക്കിയായിരുന്നു ഇവരുടെ കവർച്ച.