തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം 25 മുതൽ. ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകളാണ് വിതരണം ചെയ്യുന്നത്. ക്ഷേമ പെൻഷൻ നൽകാനായി 1050 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. 62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി 2,000 രൂപയായി വർദ്ധിപ്പിച്ചു. ഇപ്പോൾ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെൻഷനായി നൽകുന്നത്. ഇത് ഒരു കുടിശ്ശികയുമില്ലാതെ അതാത് മാസം തന്നെ വിതരണം ചെയ്യുന്നു. ഇതിനായി 14,500 കോടി രൂപയാണ് ഒരു വർഷം ആവശ്യമായി വരുന്നത്. അടുത്ത വർഷത്തേക്ക് ഇതിനുള്ള വകയിരുത്തൽ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.