കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ ബ്ലോക്ബസ്റ്റര്‍ പോരാട്ടം. രാത്രി ഏഴിന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. 40 ഓവറുകള്‍, കളത്തിനുള്ളില്‍ കരുത്തോടെ പോരാടുന്ന 22 പേര്‍. അവര്‍ക്കൊപ്പം അവരിലൊരാളായി ആര്‍ത്തുവിളിക്കുന്ന 140 കോടി ആരാധകര്‍. ടി20 ലോകകപ്പില്‍ ഇന്ത്യ, പാകിസ്ഥാനെ നേരിടുമ്പോള്‍ ആവേശം അതിരുകള്‍ ഭേദിക്കും. സമീപകാല ഫോമില്‍ ഇന്ത്യ തന്നെ മുന്നില്‍. ഏഷ്യാകപ്പ് ഫൈനലിൽ അടക്കം പാകിസ്ഥാനെ വീഴ്ത്തിയ ഇന്ത്യയുടെ യുവ കരുത്തിന് മുന്നില്‍ ഏത് എതിരാളിയും ഒന്ന് വിറയ്ക്കും.
മൈതാനത്തിനപ്പുറത്തെ രാഷ്ട്രീയ പോരിന് ശേഷമാണ് ഇത്തവണ മത്സരം. അതിനാല്‍ തന്നെ വീറും വാശിയും ഒരല്‍പം കൂടും. ബഹിഷ്‌കരണ ഭീഷണികള്‍ക്ക് ശേഷം ഏറെ വൈകിയാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളിക്കുമെന്നുറപ്പിച്ചത്. ഹസ്തദാന വിവാദം ഇത്തവണയും തുടരുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മത്സരം കളിക്കളത്തിലാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ആരാധകര്‍ ബ്ലോക്ബസ്റ്റര്‍ സണ്‍ഡേ പ്രതീക്ഷയിലാണ്. പ്രണയദിനത്തിന് പിറ്റേന്ന് സൂര്യയും സംഘവും കളത്തിലിറങ്ങുമ്പോള്‍ വിജയമല്ലാതെ ഒന്നും പ്രതീക്ഷിക്കുന്നില്ല. ജയത്തോടെ ഓപ്പറേഷന്‍ സുപ്പര്‍ സിക്‌സില്‍ കടക്കാമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു.
കൊളംബോയില്‍ ഇന്ന് പകല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. എങ്കിലും മത്സര സമയത്ത് മഴയുണ്ടാവില്ലെന്നും സൂചനയുണ്ട്. മഴ പെയ്താലും 15 മിനിറ്റിനകം മത്സരം പുനരാരംഭിക്കാന്‍ കഴിയുന്ന സൗകര്യങ്ങളുണ്ട്. കാലാവസ്ഥ മോശമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ശ്രീലങ്കയിലെ സാഹചര്യം ഏറെ പരിചിതമാണെന്നും ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.