ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ ദുർബലരായ നമീബിയയെയും കീഴടക്കി ഇന്ത്യയുടെ മുന്നേറ്റം. 210 റൺസിന്‍റെ വിജയലക്ഷ്യത്തിൽ ഇറങ്ങിയ നമീബിയൻ ടീം 116 റൺസ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. 29 റൺസ് എടുത്ത ഓപ്പണിങ് ബാറ്റ്സ്മാൻ ലോറൻ സ്റ്റീൻ കാമ്പ് ആണ് അവരുടെ ടോപ് സ്കോറർ. 93 റൺസിനാണ് ഇന്ത്യയുടെ വിജയം. റൺ അടിസ്ഥാനത്തിൽ ട്വന്‍റി220 ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണിത്. ഓൾറൗണ്ട് പ്രകടനവുമായി കളംനിറഞ്ഞ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശിൽപി.
ആറോവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിലായിരുന്നു ടീം. ഇന്ത്യൻ ബൗളർമാരെ ശ്രദ്ധയോടെയാണ് നമീബിയ നേരിട്ടത്. ഒമ്പതോവറിൽ ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 85 റൺസിലെത്തി. എന്നാൽ പത്താം ഓവറിൽ രണ്ടു വിക്കറ്റ് വീഴ്ത്തി വരുൺ ചക്രവർത്തി നമീബിയയെ പ്രതിരോധത്തിലാക്കി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ നമീബിയയ്ക്കായില്ല. ലൗറൻ സ്റ്റീൻകാംപ്(29), ജാൻ ഫ്രൈലിങ്ക്(22), ജെറാർഡ് ഇറാസ്മസ്(18) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പിന്നീട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ നമീബിയയെ വരിഞ്ഞുകെട്ടി. 116 റൺസിന് ടീം കൂടാരം കയറി. ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണെടുത്തത്. ഇഷാൻ കിഷന്റെയും ഹർദിക് പാണ്ഡ്യയുടെ അർദ്ധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോർ കണ്ടെത്തിയത്. അസുഖബാധിതനായ അഭിഷേക് ശർമ്മയ്ക്ക് പകരം പാഡണിഞ്ഞ സഞ്ജു സാംസണ് അവസരം മുതലാക്കാനായില്ല. വെടിക്കെട്ടോടെ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും പെട്ടെന്ന് തന്നെ അണഞ്ഞു. എട്ട് പന്തിൽനിന്ന് 22 റൺസാണ് സഞ്ജു നേടിയത്. മൂന്ന് സിക്സറുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.