വടകര: ദേശീയപാത നിര്‍മ്മാണപ്രവൃത്തി നടക്കുന്ന വടകര അഴിയൂര്‍ മേഖലയില്‍ സംരക്ഷണ ഭിത്തി നെടുകെ പിളര്‍ന്ന നിലയില്‍. ചോമ്പാല്‍ ബ്ലോക്ക് ഓഫീസിനും കുഞ്ഞിപ്പള്ളി അണ്ടര്‍പാസിനും മധ്യേയുള്ള സംരക്ഷണഭിത്തിയാണ് പിളര്‍ന്നിരിക്കുന്നത്. കുഞ്ഞിപ്പളളി അണ്ടര്‍പാസിനായി ഇരുഭാഗങ്ങളിലായി റോഡ് ഉയര്‍ത്തിയിരുന്നു. ഇതൊരു ഭാഗം അവസാനിക്കുന്നത് കുഞ്ഞിപ്പള്ളി ടൗണിലും മറുഭാഗം അവസാനിക്കുന്നത് ചോമ്പാല്‍ ബ്ലോക്ക് ഓഫീസിന് അടുത്തുമാണ്. സര്‍വീസ് റോഡിന് സമീപമാണ് ഭിത്തി പിളര്‍ന്ന് കിടയ്ക്കുന്നത്.
നിര്‍മ്മാണത്തിന്റ ഭാഗമായി ഇവിടങ്ങളില്‍ മണ്ണ് നിറക്കുകയാണ്. ഭാരം കനക്കുന്നതോടെ ദേശീയപാത തകരുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളില്‍ സംഭവിച്ചതുപോലെ ഇവിടെയും ഒരു ദുരന്തം ഉണ്ടാവുമോ എന്ന ഭയപ്പാടിലാണ് നാട്ടുകാര്‍. റോഡ് നിര്‍മ്മാണ കമ്പനിയുടെ എഞ്ചിനീയറിങ് വിഭാഗം പ്രശ്‌നം നിസ്സാരവത്ക്കരിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. തകര്‍ന്ന സംരക്ഷണ ഭിതി മാറ്റി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.