Trending

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പെട്രോളുമായെത്തി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി.


മുക്കം: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി കബളിപ്പിച്ച മുക്കത്തെ സ്വകാര്യ ഏജൻസിയിൽ പെട്രോളുമായി എത്തി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പേരാമ്പ്ര മുതുകാട് സ്വദേശി ജോഷിയാണ് മുക്കത്തെ "ഗ്രേസ് എജു കൺസൾട്ടൻസി’ക്കു മുമ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കിയത്. സമാനമായ രീതിയിൽ കബളിപ്പിക്കപ്പെട്ട കണ്ണൂർ സ്വദേശികളായ രണ്ട് യുവതികളും പേരാമ്പ്ര സ്വദേശിയായ മറ്റൊരാളും സ്ഥാപനത്തിലെത്തി. കൊടുത്ത പണം തിരികെ കിട്ടാതെ മടങ്ങില്ലെന്ന് യുവതികളും സ്ഥാപനത്തിന് മുന്നിൽ പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവാവും പറഞ്ഞതോടെ നാട്ടുകാർ മുക്കം പോലീസിൽ വിവരമറിയിച്ചു.

പോലീസെത്തി യുവാവിന്റെ കയ്യിൽ നിന്നും പെട്രോൾ വാങ്ങി അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന്‌ എല്ലാവരെയും സ്റ്റേഷനിലെത്തിച്ചു. തിരുവമ്പാടി സ്വദേശി ജെറി സെബാസ്റ്റ്യൻ എന്നയാളാണ് സ്ഥാപനം നടത്തുന്നത്‌. രണ്ടര വർഷം മുമ്പാണ്‌ ജോഷിയിൽ നിന്നും സ്ഥാപന ഉടമ മൂന്ന് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയത്. അഞ്ചര ലക്ഷം രൂപയാണ് വിസയ്‌ക്ക് ഏജൻസി ആവശ്യപ്പെട്ടത്. പലതവണകളായി 3.35 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും അതിനുപുറമെ മെഡിക്കലിനും മറ്റുകാര്യങ്ങൾക്കുമായി ഒന്നര ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നും ജോഷി പറയുന്നു. 

പലതവണയായി ഏജൻസിയെ സമീപിച്ചിട്ടും ജോലി ശരിയാക്കി കൊടുക്കാനോ പണം തിരിച്ചുനൽകാനോ തയ്യാറായില്ല. നിരന്തരം ആവശ്യപ്പെട്ടപ്പോൾ 3.35 ലക്ഷം രൂപയുടെ വണ്ടി ചെക്ക് നൽകി പറ്റിക്കുകയായിരുന്നു. സമാനരീതിയിൽ നിരവധിപേർ കബളിപ്പിക്കപ്പെട്ടതായി പരാതിയുണ്ട്‌. ഏപ്രിൽ പത്തിന് മുമ്പ് പണം തിരികെ നൽകാമെന്ന് പോലീസിന് ഉടമ ഉറപ്പു നൽകിയതിനെ തുടർന്നാണ് ഇവർ തിരിച്ചുപോയത്.

Post a Comment

Previous Post Next Post