Trending

വിവാഹ സർട്ടിഫിക്കറ്റിൽ പേര്‌ തിരുത്താം- ഹൈക്കോടതി.


കൊച്ചി: മിശ്രവിവാഹിതയായ യുവതിയുടെ വിവാഹ രജിസ്റ്ററിൽ, പുതിയതായി സ്വീകരിച്ച പേരും ഉൾപ്പെടുത്തി പുതിയ വിവാഹ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഹൈക്കോടതി ഉത്തരവ്. പള്ളുരുത്തി സ്വദേശി അഹമ്മദ് മുഹ്സിൻ്റെ ഭാര്യ ആയിഷ മുഹ്‌സിൻ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണ‌ണൻ ഉത്തരവിട്ടത്. പുതിയ സർട്ടിഫിക്കറ്റ് ഒരുമാസത്തിനകം കൈമാറാനും കുത്തിയതോട് സബ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.

വിവാഹിതയാകുമ്പോൾ ശ്രീജ എന്നായിരുന്നു പേര്. ഇതുപ്രകാരമാണ് ആ പേരിൽ വിവാഹ സർട്ടിഫിക്കറ്റ് അനുവദിച്ചത്. പിന്നീട് ഇസ്ലാംമതം സ്വീകരിക്കുകയും ആയിഷ എന്ന് പേര് മാറ്റുകയും ചെയ്‌തു. പുതിയ പേര് ഗസറ്റിൽ വിജ്ഞാപനം ചെയ്‌തശേഷം എല്ലാ രേഖകളിലും ആ പേര് ചേർത്തിരുന്നു. എന്നാൽ, വിദേശത്ത് ജോലിചെയ്യുന്ന ഭർത്താവിനൊപ്പം താമസിക്കാൻ കുടുംബ വിസയ്ക്ക് ശ്രമിച്ചപ്പോഴാണ് വിവാഹ രജിസ്റ്ററിലെ പഴയ പേര് തടസ്സമായത്. 

പേരുമാറ്റുന്നതിന് അധികൃതരെ സമീപിച്ചപ്പോൾ വിവാഹ രജിസ്റ്ററിൽ വലിയ മാറ്റങ്ങൾ വരുത്താനാകില്ലെന്നും പിഴവുകളോ വ്യാജ എൻട്രികളോ ഉണ്ടെന്ന് തെളിവു ലഭിച്ചാൽ മാത്രമാണ് തിരുത്തുന്നതെന്നും അവർ വ്യക്തമാക്കി. തുടർന്നാണ് ആയിഷ ഹൈക്കോടതിയെ സമീപിച്ചത്. പേരുമാറ്റാതെ തന്നെ മിശ്രവിവാഹം നിയമപരമാക്കാമെന്നും ഇതാണ് സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ സൗന്ദര്യമെന്നും ഉത്തരവിൽ പറഞ്ഞു.

Post a Comment

Previous Post Next Post