പൂനെ: ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി പൂണെയിൽ വെച്ചാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മകൻ സിദ്ധാർത്ഥ ഗാഡ്ഗിൽ ആണ് മരണവിവരം സ്ഥിരീകരിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പുണെയിലെ നവി പേഠിലുള്ള വൈകുണ്ഠ് ശ്മശാനത്തിൽ നടക്കും.
പരിസ്ഥിതി സംരക്ഷണ ചരിത്രത്തിൽ മാധവ് ഗാഡ്ഗിൽ എന്ന പേര് എന്നും സ്മരിക്കപ്പെടുന്നത് അദ്ദേഹം അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (WGEEP) സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ്. 2011-ൽ സമർപ്പിക്കപ്പെട്ട ഈ റിപ്പോർട്ട്, പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. 2024-ൽ കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ, ഗാഡ്ഗിൽ റിപ്പോർട്ടിലെ ശുപാർശകൾ അവഗണിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇന്നും സജീവ ചർച്ചാവിഷയമാണ്.
തന്റെ 6 പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തിൽ എന്നും ഒരു 'ജനപക്ഷ ശാസ്ത്രജ്ഞൻ' ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തിൽ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) അദ്ദേഹത്തെ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' ആയി തെരഞ്ഞെടുത്തിരുന്നു.
1942-ൽ പൂനെയിൽ ജനിച്ച അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്. സമ്പന്ന ഗോവൻ ബ്രാഹ്‌മണകുടുംബത്തിൽ പിറന്ന മാധവ് ബാല്യം മുതൽക്കേ ഒരു പ്രകൃതിസ്നേഹിയായിരുന്നു. കൃഷിയിടങ്ങളിലും കാലികൾ മേയുന്ന കുന്നുകളിലും മരങ്ങൾക്കിടയിലും നടക്കാൻ ഏറെ ഇഷ്ടപ്പെടുന്ന മാധവ്, തിത്തിരി പക്ഷികളെയും മൈനകളെയും ബുൾബുൾ, വാനമ്പാടി, പരുന്ത്, പ്രാപ്പിടിയൻ തുടങ്ങിയ നാടൻ പക്ഷികളെയെല്ലാം കൗതുകത്തോടെ നിരീക്ഷിച്ചിരുന്നു.
ജാതിവെറികളും അനാചാരങ്ങളും നിലനിന്നിരുന്ന സമൂഹത്തിൽ പുരോഗമനചിന്തയും പരന്നവായനയും പ്രകൃതി സ്നേഹവുംകൊണ്ട് വേറിട്ടുനിന്ന അച്ഛനിൽനിന്ന് കിട്ടിയ അറിവിന്റെ വെളിച്ചം മാധവിന്റെ ജീവിതത്തെ പ്രഫുല്ലമാക്കി. പുണെയിലെ െഫർഗൂസൻ കോളേജ്, ബോംബെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഹാർവാഡ് യൂണിവേഴ്‌സിറ്റി എന്നിവയിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടി വിദേശത്ത് എത്രയോ ഉയരങ്ങളിലെത്താൻ കഴിയുമായിരുന്നിട്ടും അദ്ദേഹത്തിന് ഇന്ത്യയിൽ മടങ്ങിയെത്താനായിരുന്നു താത്‌പര്യം. പിന്നീട് ജീവിതസഖിയായി എത്തിയ സുലോചന ഫാട്ടക്കും ഹാർവാഡിൽ ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടാൻ പോയിരുന്നു. തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നെങ്കിലും രണ്ടുപേരുടെയും ബിരുദാനന്തര ബിരുദ പഠനശേഷമാണ് വിവാഹം നടന്നത്.
പരിസ്ഥിതി ശാസ്ത്ര ഗവേഷണത്തിന്റെയും സമുദ്ര ശാസ്ത്ര പഠനത്തിന്റെയും ഭാഗമായി കാടുകളിലും മേടുകളിലും നദികളിലും കടലിലും കടലോര ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും അദ്ദേഹവും സംഘവും നടത്തിയ യാത്രകൾ രസകരവും വിജ്ഞാനപ്രദവുമാണ്. എവിടെപ്പോയാലും അവിടത്തെ ആദിവാസി ഗോത്ര, ഗ്രാമീണ ജനങ്ങൾ, കർഷകർ, കാലിമേക്കുന്നവർ, മീൻപിടിത്തക്കാർ എന്നിവരുമായി ഇടപഴകി അവരോടൊപ്പം അവരുടെ ഭക്ഷണം കഴിച്ചും വസ്തുതകൾ ശേഖരിച്ചും വനമേഖലയിൽ താമസിക്കുന്നവരുടെ യാതനകളും ദുരിതങ്ങളും ദാരിദ്ര്യവും അദ്ദേഹം തൊട്ടറിഞ്ഞു.
ബംഗലൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) 31 വർഷം സേവനമനുഷ്ഠിക്കുകയും അവിടെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയുടെ ജൈവവൈവിധ്യ നിയമം (Biological Diversity Act) രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 7 പുസ്തകങ്ങളും 225-ലധികം ശാസ്ത്ര പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 'A Walk Up The Hill: Living With People And Nature' അദ്ദേഹത്തിന്റെ ആത്മകഥയാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ കണക്കിലെടുത്ത് മാധവ് ഗാഡ്ഗിലിനെ രാജ്യം പദ്മശ്രീ, പദ്മഭൂഷൺ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത മൺസൂൺ ശാസ്ത്രജ്ഞയുമായ സുലോചന ഗാഡ്ഗിൽ 2025 ജൂലൈയിൽ അന്തരിച്ചിരുന്നു. മാധ്യമ പ്രവർത്തകയും സ്പാനിഷ് അധ്യാപികയുമായ ഗൗരി ഗാഡ്ഗിൽ മകളാണ്. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തെയും സംസ്‌കാരത്തെയും ഒരുപോലെ സ്‌നേഹിച്ച ഗാഡ്ഗിലിന്റെ വിയോഗം ഇന്ത്യയുടെ പരിസ്ഥിതി പോരാട്ടങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്.