കോഴിക്കോട്: മത്സ്യ ലഭ്യത കുറഞ്ഞതോടെ പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളികൾ. ചെറിയ മത്തി മാത്രം സുലഭമായ മാർക്കറ്റിൽ മറ്റു മീനുകൾക്ക് കിലോ ഗ്രാമിന് 60 രൂപ മുതൽ 120 രൂപ വരെയാണ് വില കൂടിയത്. കുഞ്ഞൻ മത്തി മാത്രം കിലോയ്ക്ക് 50-70 രൂപയ്ക്ക് കിട്ടുന്നു. മാലിന്യം നിറഞ്ഞ കടലിൽ മത്സ്യങ്ങൾക്ക് ആവശ്യത്തിനു ഭക്ഷണം പോലും കിട്ടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മീനുകൾ വലുപ്പം വയ്ക്കേണ്ട ഈ സീസണിൽ നാലു മാസം മുൻപുള്ള വളർച്ചയേ ഇപ്പോഴുമുള്ളൂ.
അയക്കൂറ, ആകോലി എന്നിവയുടെ വില കിലോഗ്രാമിന് 700 മുതൽ 850 രൂപ വരെയാണ്. അയല, മാന്ത തുടങ്ങിയവയ്ക്ക് 250 രൂപ മുതൽ മുകളിലോട്ട്. കോഴിയിറച്ചിക്കും വില കൂടിയതു കൊണ്ട് ഉപഭോക്താക്കളും പ്രതിസന്ധിയിലായി. കടലിൽ പോയാൽ മീൻ കിട്ടാതെ തിരികെ വരുന്നത് പതിവായതോടെ വള്ളങ്ങൾ കൂട്ടത്തോടെ നിർത്തിയിടുകയാണ്. ചെറിയ വള്ളം കടലിൽ പോയാൽ ഇന്ധനവും കൂലിയുമടക്കം 30,000 രൂപയോളമാണ് ചെലവു വരുന്നത്.