Trending

അപകടം തുടർക്കഥയായിട്ടും ബദൽ സംവിധാനം ഒരുക്കിയില്ല; യാത്രക്കാർക്ക് പേടിസ്വപ്നമായി നന്മണ്ട 14/4 ലെ വളവ്.


നന്മണ്ട: കോഴിക്കോട്‌-ബാലുശ്ശേരി പാതയിൽ അപകടമേഖലയായി മാറുന്ന നന്മണ്ട 14/4 ലെ വളവ് നിവർത്താൻ താത്കാലിക സംവിധാനം ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും പരിഗണിച്ചില്ല. മിനി പാണമ്പ്ര എന്നറിയപ്പെടുന്ന 14/4ലെ കൊടുംവളവ് യാത്രക്കാർക്ക് ഭീഷണിയായി മാറുകയാണ്. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നു പറയുന്നു.

നന്മണ്ട ചെമ്പടിച്ച അമ്പലത്തിന്റെ അടുത്ത് നിന്നും നേരെ ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കൊടുംവളവ് എത്തുമ്പോഴേ വേഗം കുറയ്ക്കേണ്ടതുള്ളൂ. അങ്ങനെ വേഗം കുറയ്ക്കുന്നവരും ചെന്നുപെടുന്നത് അപകടത്തിലേക്ക് തന്നെയാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് സുരക്ഷാനിയമം പാലിക്കാനുള്ള ദിശാസൂചക ബോർഡും ഇവിടെ സ്ഥാപിച്ചിട്ടില്ല. അപകടത്തിൽപ്പെടുന്നവർ ഏറെയും അപരിചിതരാണ്. കാസർകോട്‌, കണ്ണൂർ പ്രദേശങ്ങളിൽ നിന്നും മടവൂരിലെ പുണ്യകേന്ദ്രങ്ങളിലേക്ക് വരുന്നവരും ചില സന്ദർഭങ്ങളിൽ അപകടത്തിൽപ്പെടുന്നു.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചെറുതും വലുതുമായി നൂറോളം അപകടങ്ങളുണ്ടായതായി നാട്ടുകാർ പറയുന്നു. അപകടങ്ങളിൽ അംഗവൈകല്യം സംഭവിച്ചവരും കിടപ്പിലായവരുമുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ബുധനാഴ്ച റോഡരികിൽ നിൽക്കുകയായിരുന്ന സ്ത്രീയെ കാർ ഇടിച്ച സംഭവമാണ് അവസാനത്തേത്. യാത്രക്കാരുടെ സുരക്ഷയെ കരുതി സിഗ്നൽ ബോർഡെങ്കിലും സ്ഥാപിച്ച് ഈ അപകട പരമ്പരയ്ക്ക് തടയിടാൻ അധികൃതർ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post