മലപ്പുറം: മലപ്പുറം വണ്ടൂരിൽ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാന്‍ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു. കൂരാട് ഹോമിയോ ഹോസ്പിറ്റലിന് സമീപം കൂരാട് പനംപൊയിൽ മരുതത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ ഐമൻ ഗഫൂർ (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം സംഭവിച്ചത്.
ഒഴിക്കിൽപ്പെട്ട സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻ തന്നെ വണ്ടൂർ നിംസ് ഹോസ്പിറ്റലിലും, തുടർന്ന് പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കൂരാട് പഴേയിടം പനംപൊയിൽ ജിഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയും സ്കൂൾ ലീഡറുമാണ് ഐമൻ.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന ഐമൻ ഉപജില്ലാ കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. മൃതദേഹം ഇന്ന് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിച്ച് കൂരാട് ജുമാ മസ്ജിദിൽ കബറടക്കും. വിദേശത്തായിരുന്ന പിതാവ് അബ്ദുൽ ഗഫൂർ ദുരന്ത വിവരമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.