കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്നിലെ ജെഡിടി ഇസ്ലാം ആർട്സ് കോളേജിൽ സൺഷേഡ് ഇടിഞ്ഞുവീണ് നാലു വിദ്യാർത്ഥികൾക്ക് പരിക്ക്. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. ഇന്ന് വൈകീട്ട് നാലോടെയാണ് കോളേജ് കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്ക് മുകളിലുള്ള സൺഷേഡിന്റെ ഭാഗം തകർന്ന് വീണത്. പരിക്കേറ്റ ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് കാര്യമായ പരിക്കേറ്റതായാണ് വിവരം. പരുക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ കോഴിക്കോട്ടെ ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൺഷേഡ് ഇടിഞ്ഞുവീഴുന്നതിന് തൊട്ടു മുമ്പ് വരെ കെട്ടിടത്തിന് താഴെ മറ്റു വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ആ സമയത്താണ് സൺഷേഡ് തകർന്ന് വീഴുന്നതെങ്കിൽ വലിയൊരു ദുരന്തത്തിലേക്ക് നയിക്കുമായിരുന്നു. കെട്ടിടത്തിന് മുകളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ടായിരുന്നു. ഈ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണോ അപകടം സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് കോളേജ് അധികൃതർ അന്വേഷണം ആരംഭിച്ചു.