എറണാകുളം: മലയാറ്റൂരിൽ ദൂരുഹസാഹചര്യത്തിൽ 19 കാരി ചിത്രപ്രിയ മരണപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ചിത്രപ്രിയയെ ആൺസുഹൃത്ത് അലൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് അലന്‍റെ മൊഴി. പെണ്‍കുട്ടിയുടെ തലയ്ക്ക് പിന്നിൽ കല്ലുകൊണ്ട് ഇടിച്ചതിന്‍റെ ഗുരുതരമായ മുറിവ് നേരത്തെ കണ്ടെത്തിയിരുന്നു. ബാംഗ്ലൂരിൽ പഠിക്കുന്ന പെൺകുട്ടിക്ക് അവിടെ ആൺസുഹൃത്ത് ഉള്ളതായി അലന് ഉണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ചോദ്യം ചെയ്ത് വിട്ടയച്ച അലനെ പോലീസ് വീണ്ടും വിളിപ്പിച്ചത്. കൊലപാതകം മദ്യ ലഹരിയിൽ ആയിരുന്നെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെടുന്നതിന് മുമ്പ് ചിത്രപ്രിയയും അലനും തമ്മിൽ പിടിവലിയുണ്ടായി. മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ഉടനെ അലന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 21 വയസ്സുകാരനായ അലൻ കാലടിയിലെ വെൽഡിങ് തൊഴിലാളിയാണ്.
ഇന്നലെയാണ് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് അടുത്ത് സെബിയൂർ റോഡിന് സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സമയത്ത് തന്നെ അലനെ വിളിച്ച് പോലീസ് ചോദ്യം ചെയ്ത് പിന്നീട് വിട്ടയച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് വീണ്ടും അലനെ വിളിച്ച് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് അലൻ സംഭവത്തെക്കുറിച്ച് പോലീസിനോട് തുറന്നു പറഞ്ഞത്. ബാംഗ്ലൂരിൽ ഏവിയേഷൻ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ചിത്രപ്രിയ.
അലനുമായി നേരത്തെ പരിചയമുണ്ടായിരുന്നു. എന്നാൽ ബാംഗ്ലൂരിൽ പോയതിന് ശേഷം വിളിച്ചാൽ ഫോണെടുക്കാറില്ലെന്ന് അലൻ പറയുന്നു. നാട്ടിലെത്തിയപ്പോള്‍ ഫോണിൽ മറ്റൊരു ആണ്‍സുഹൃത്തിനൊപ്പമുള്ള ഫോട്ടോകളും അലൻ കണ്ടു. അങ്ങനെയാണ് അലന് സംശയം തോന്നിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. കൊല്ലപ്പെടുന്നത് വരെ പെണ്‍കുട്ടി അലനൊപ്പമായിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും അലൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.