Trending

കോട്ടയ്ക്കലിൽ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം.


മലപ്പുറം: പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു. മലപ്പുറം കോട്ടയ്ക്കലിലെ പുത്തൂരിലാണ് സംഭവം. പെട്രോൾ പമ്പിലെ ജീവനക്കാരന്‍റെ അവസരോചിതമായ ഇടപെടലിൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. കോട്ടയ്ക്കലിലെ പെട്രോൾ പമ്പിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

മലപ്പുറത്തു നിന്ന് കോട്ടയ്ക്കലിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഗണർ കാറിനടിയിൽ നിന്നാണ് തീയും പുകയും ഉയർന്നത്. വാഹനം ഓഫ് ചെയ്യാതെയാണ് പെട്രോൾ അടിച്ചത്. പെട്ടെന്ന് എഞ്ചിൻ ഭാഗത്ത് തീ കാണുകയായിരുന്നു. ഉടൻ തന്നെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.

ബിഹാർ സ്വദേശിയായ പെട്രോൾ പമ്പ് ജീവനക്കാരൻ അനിലാണ് ഉടനെ ഇടപെട്ടത്. മറ്റുള്ളവർ പേടിച്ച് പിറകോട്ട് മാറിയപ്പോൾ, ഇതര സംസ്ഥാന തൊഴിലാളിയായ അനിൽ ലഭ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി തീ അണയ്ക്കുകയായിരുന്നു. പ്രദേശമാകെ കനത്ത പുക പടർന്നു. ജീവനക്കാരന്‍റെ ഇടപെടലിൽ വലിയ ദുരന്തമാണ് ഒഴിവായത്. കാറിന്‍റെ എഞ്ചിൻ കത്തിനശിച്ചു. എന്താണ് കാറിന് തീ പിടിക്കാൻ കാരണമെന്ന് വ്യക്തമല്ല.

Post a Comment

Previous Post Next Post