കോഴിക്കോട്: മാവൂർ ചെറൂപ്പയിൽ കാർ ടിപ്പർ ലോറിയിൽ ഇടിച്ചുകയറി അപകടം. കാർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു. നല്ലളം സ്വദേശികളായ അച്യുതൻ, ഗോപേഷ് എന്നിവർക്കാണ് പരിക്കേറ്റത്. മാവൂർ-കോഴിക്കോട് റോഡിൽ ചെറൂപ്പ ബാങ്കിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തു നിന്നും മാവൂരിലേക്ക് വരികയായിരുന്ന കാർ ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ എതിർദിശയിൽ വന്ന ടിപ്പർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് ടിപ്പർ ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് റോഡിൽ ഡീസൽ വ്യാപിച്ചു. അപകടസാധ്യത മുന്നിൽക്കണ്ട് മാവൂർ പോലീസും മുക്കം ഫയർ സ്റ്റേഷനിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി റോഡിൽ പരന്നു കിടന്ന ഡീസൽ നീക്കം ചെയ്തു മറ്റു വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യം ഒഴിവാക്കി.