പാലക്കാട്: പാലക്കാട് ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു. ധോണി മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റിൽ ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറാണ് അഗ്നിക്കിരയായത്. ഇതുവഴി കടന്നുപോയ യാത്രക്കാരനാണ് കാർ കത്തുന്ന വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചത്.
തുടർന്ന് തീ അണച്ചപ്പോഴാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ. എന്നാൽ കാറിനുള്ളിലുണ്ടായിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞില്ല. കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
രണ്ടു ദിവസം മുമ്പും പാലക്കാട് കാർ കത്തി നശിച്ചിരുന്നു. കൊപ്പം-വളാഞ്ചേരി പാതയിൽ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. കേടായ കാർ വർക്ക് ഷോപ്പിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു കത്തിയത്. ഇന്ധനം തീർന്നപ്പോൾ ഒരു വശത്തേക്കു ഒതുക്കി നിർത്തി വീണ്ടും സ്റ്റാർട്ട് ചെയ്യുന്നതിനിടെ പുക ഉയരുകയായിരുന്നു. ഡ്രൈവർ കാറിൽ നിന്ന് ഇറങ്ങിയോടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.