Trending

സീസണിലെ ആദ്യത്തെ മൈനസ് താപനില, കേരളം കിടുകിടാ വിറയ്ക്കുന്നു; താപനില ഇനിയും താഴാൻ സാധ്യത.


ഇടുക്കി: സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ തണുത്ത് വിറയ്ക്കുന്നു. ഈ സീസണിലെ ആദ്യ മൈനസ് ഡിഗ്രി താപനില ഇന്നലെ പുലർച്ചെ മൂന്നാറിൽ രേഖപ്പെടുത്തി. കെഡിഎച്ച്പി എസ്റ്റേറ്റിലെ സെവൻമലേ സെക്ഷനിലാണ് താപനില പൂജ്യത്തിന് താഴെ എത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മൂന്നാറിൽ തണുപ്പ് വർദ്ധിച്ചു വരികയായിരുന്നു. പുലർച്ചെ പുൽമേടുകളിലും തേയില തോട്ടങ്ങളിലും മഞ്ഞു വീണുകിടക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

വരും ദിവസങ്ങളിൽ താപനില കൂടുതൽ താഴാൻ സാധ്യതയുണ്ട്. കാറുകളുൾപ്പെടെയുള്ള വാഹനങ്ങളുടെ മുകളിൽ ഐസ്പാളികൾ രൂപപ്പെട്ടു കാണാം. രാത്രികാലങ്ങളിൽ തീവ്രമായ തണുപ്പ് നില നിൽക്കുമ്പോഴും പകൽ താപനില 23° ഡിഗ്രി സെൽഷ്യസ് വരെയെത്തുന്നു. ക്രിസ്മസ്-പുതുവത്സര അവധികൾ ആരംഭിച്ചതോടെ തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക് മൂന്നാറിൽ വർദ്ധിച്ചുവരികയാണ്. തണുപ്പ് കൂടിയതിനാൽ പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് കാണാം. കഴിഞ്ഞ സീസണിലെ ഏറ്റവും കുറഞ്ഞ താപനില -3° ഡിഗ്രി സെൽഷ്യസായിരുന്നു.

മുന്നാർ ടൗണിനേക്കാൾ തോട്ടം മേഖലകളിലാണ് അതിശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും തണുപ്പ് ഇതേ നിലയിൽ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. തണുപ്പ് കടുത്തതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വർദ്ധിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post