ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ നടുക്കി സ്ഫോടനം. ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 8 പേര്‍ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 30 പേർക്ക് പരിക്കേറ്റതായാണ് വിവരം.15 പേരുടെ നില ഗുരുതരമാണ്. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് ഉഗ്ര സ്ഫോടനമുണ്ടായത്.
വൈകീട്ട് 6.52 ഓടുകൂടിയാണ് സ്ഫോടനം നടന്നത്. ഏഴു ഫയർ എൻജിനുകൾ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് ലഭിക്കുന്ന വിവരം. ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും കത്തി. ഒൻപത് വാഹനങ്ങൾ കത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
സംഭവം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ഡൽഹി പോലീസിന്‍റെ സ്പെഷ്യല്‍ സെല്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി അമിത്ഷാ ഡൽഹി പോലീസ് കമ്മീഷണറുമായി സംസാരിച്ചു.