Trending

ഇരുണ്ട രാത്രികളിൽ ഇനി വെളിച്ചമുണ്ട്; ഇയ്യാട് ചമ്മിൽ ഉന്നതിയിലെ രണ്ടു വീടുകളിൽ വൈദ്യുതിയെത്തി.


ഉണ്ണികുളം: ഇയ്യാട് ചമ്മിൽ നാലു സെന്റ് ഉന്നതിയിലെ രണ്ടു പട്ടികജാതി കുടുംബങ്ങൾ ആഹ്ലാദത്തിമർപ്പിലാണ്. ഇനി ഇരുണ്ട രാത്രികളിൽ വൈദ്യുതി വെളിച്ചമുണ്ട്. കുട്ടികൾക്ക് പഠിക്കാൻ ബൾബുകൾ പ്രകാശം ചൊരിയും. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഉന്നതിയിലെ രവീന്ദ്രൻ-ഷൈനി ദമ്പതികളുടെയും മാധവൻ-ഗീത ദമ്പതികളുടെയും രണ്ടു വീടുകളിൽ വെൽഫെയർ പാർട്ടിയുടെയും കപ്പുറം മേഴ്സി ഫൗണ്ടേഷന്റെയും ശ്രമഫലമായി വൈദ്യുതി എത്തിയത്.

പട്ടയവും വീട്ടുനമ്പറും ലഭിക്കാത്തതിനെ തുടർന്ന് വൈദ്യുതി കണക്ഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ ഇരുട്ടിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളുടെ ദുരിതജീവിതം പുറത്തുവന്നിരുന്നു. പിന്നാലെ പട്ടയം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് താമരശ്ശേരി തഹസിൽദാർ കുടുംബത്തെ അറിയിച്ചു. വയറിങ് പ്രവൃത്തി പൂർത്തീകരിച്ചാൽ വൈദ്യുതി കണക്ഷൻ നൽകാമെന്ന് ഉണ്ണികുളം വൈദ്യുതി സെക്ഷൻ ഓഫിസ് അധികൃതരും ഉറപ്പുനൽകി. കുടുംബങ്ങളുടെ ദയനീയ സ്ഥിതി അറിഞ്ഞ വെൽഫെയർ പാർട്ടി പ്രവർത്തകരും കപ്പുറം മേഴ്സി ഫൗണ്ടേഷൻ പ്രവർത്തകരുമാണ് വയറിങ് പ്രവൃത്തിയും അനുബന്ധ ഉപകരണങ്ങളും സൗജന്യമായി നൽകിയത്. 

വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ശശീന്ദ്രൻ ബപ്പൻകാട്, ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നുമ്മൽ എന്നിവർ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പാർട്ടി ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹാഷിം, ജോയന്റ് സെക്രട്ടറി വി.എം. റൈഹാന, മേഴ്സി ഫൗണ്ടേഷൻ പ്രസിഡന്റ് കെ.സി. ഇസ്ഹാഖ്, മിനി വള്ളിയോത്ത്, മുഹമ്മദ് ഇയ്യാട്, ഹുസൈൻ മാസ്റ്റർ എന്നിവരും ചമ്മിൽ ഉന്നതിയിലെ കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post