ന്യൂഡൽഹി: എസ്‌ഐആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടക്കം നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി വിശദവാദം കേള്‍ക്കും. വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹരജികള്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന് പുറമേ മുസ്ലിംലീഗ്, സിപിഎം അടക്കമുള്ളവര്‍ ഹരജി നല്‍കിയിരുന്നു. ഹരജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സയമത്ത് എസഐആറുമായി മുന്നോട്ടു പോകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ലീഗ് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വാദിച്ചു. എസ്‌ഐആര്‍ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ അടിയന്തരമായി സ്റ്റേ അനുവദിക്കണമെന്നാണ് മുസ്ലിംലീഗ് അടക്കമുള്ള കക്ഷികള്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.
എസ്‌ഐആറിന്റെ അടിയന്തര സാഹചര്യം മനസ്സിലാക്കി വെള്ളിയാഴ്ച കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നുവെന്ന് ഹാരിസ് ബീരാന്‍ പറഞ്ഞു. ലീഗിന്റെ ഹരജിയില്‍ എസ്‌ഐആറിന്റെ ഭരണഘടനാ സാധുതയടക്കം ചോദ്യം ചെയ്യുണ്ട്. പ്രവാസികള്‍ക്ക് വോട്ട് പോകുന്ന സാഹചര്യമാണെന്നും ബിഎല്‍ഒയുടെ ആത്മഹത്യയടക്കം ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.