ബാലുശ്ശേരി: അപൂർവ്വമായി മാത്രം കാണപ്പെടുന്ന ശുദ്ധജല മത്സ്യവും കോഴിക്കോടിന്റെ ജില്ലാ മത്സ്യവുമായ പാതാള പൂന്താരകനെ (പാഞ്ചിയോ ബുജിയ) ബാലുശ്ശേരി കരുമലയിൽ കണ്ടെത്തി. കരുമല കളത്തിൽ ലിനീഷിന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് പൈപ്പ് വഴി ഈ അപൂർവ്വ മത്സ്യത്തെ ലഭിച്ചത്. പാതാള മത്സ്യത്തെ ലഭിച്ച വിവരം കുഫോസ് (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്) അധികൃതരെ അറിയിച്ചു. ഗവേഷകർ വന്ന് മത്സ്യത്തെ കൊണ്ടുപോകും.
കാഴ്ച ശേഷി ഇല്ലാത്ത വലുപ്പം കുറഞ്ഞ ഇവയെ അപൂർവ്വമായി മാത്രമാണ് കാണുന്നത്. ഏറ്റവും ശുദ്ധമായ ജലസ്രോതസ്സുകളിൽ മാത്രമാണ് ഇവയുടെ സാന്നിദ്ധ്യം. ഈ മത്സ്യ വർഗത്തിന് 25 മില്ലിമീറ്റർ മാത്രമാണ് നീളം. മറ്റു മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി സുതാര്യമായ ശരീരമുള്ള ഇവയുടെ തൊലിക്കുള്ളിലൂടെ ആന്തരിക അവയവങ്ങൾ കാണാൻ കഴിയും എന്ന പ്രത്യേകതയും ഈ മത്സ്യത്തിനുണ്ട്. നീളമേറിയ മീശകൾ ഉപയോഗിച്ചാണ് ഇരപിടിക്കുന്നത്.
അഞ്ചു വർഷം മുമ്പ് കോഴിക്കോട് കുന്ദമംഗലത്തിന് അടുത്തുള്ള ചെരിഞ്ചാലിൽ ആണ് പാഞ്ചിയോ ബുജിയ എന്ന ശാസ്ത്രനാമമുള്ള ഈ മത്സ്യത്തെ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് നന്മണ്ടയിലും കണ്ടെത്തിയിരുന്നു. ഭൂമിക്കടിയിലെ ഉറവകളിലൂടെയാണ് ഇവ സഞ്ചരിക്കുന്നത്. അങ്ങനെയാണ് കിണറുകളിൽ പാതാള പൂന്താരകൻ എത്തുന്നത്. 11 തരം പാതാള മത്സ്യങ്ങളാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇവയെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ പുരോഗമിക്കുകയാണ്.