മഞ്ചേരി: മഞ്ചേരി എസ്എച്ച്ബിടി ബസ്‌സ്റ്റാൻഡിൽ സ്വകാര്യ ബസ്സിൽ തിരക്കുണ്ടാക്കി കയറി വയോധികന്റെ പാന്റിന്റെ പോക്കറ്റ് മുറിച്ചെടുത്ത് 25,000 രൂപയും 14,000 യുഎഇ ദിർഹവും (3,50,000 രൂപ) കവർന്ന കേസിൽ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. താമരശ്ശേരി കൂടത്തായി സ്വദേശി പുതിയേടത്ത് വീട്ടിൽ അർജുൻ ശങ്കറിനെ (35)യാണ് മഞ്ചേരി എസ്ഐ അഖിൽ രാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
നേരത്തേ ഈ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂർ വടക്കുംപുലാൻ വീട്ടിൽ അബ്ദുള്ളക്കോയ (46), കൂട്ടാളികളായ കൊണ്ടോട്ടി കാളോത്ത് തൊട്ടിയൻകണ്ടി ജുനൈസുദ്ദീൻ (50), ഊർങ്ങാട്ടിരി ആലിൻചുവട് മഞ്ഞക്കോടവൻ വീട്ടിൽ ദുൽകിഫ്‌ലി (45) എന്നിവരെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്.
കഴിഞ്ഞ ഒക്ടോബർ 23ന് വൈകീട്ട് നാലോടെയായിരുന്നു സംഭവം. പിടിയിലായ അർജുൻ ശങ്കർ മുൻപും സമാനകേസിൽ ജയിലിൽ കിടന്നിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും കവർച്ചയ്ക്കിറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.