Trending

മന്ത്രവാദത്തിന് തയ്യാറായില്ല; ഭർത്താവ് ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറിയൊഴിച്ചു, കേസെടുത്ത് പോലീസ്.


കൊല്ലം: മന്ത്രവാദത്തിന് തയ്യാറാവാത്തതിന്റെ വൈരാഗ്യത്തില്‍ ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറിയൊഴിച്ച് ഭര്‍ത്താവ്. കൊല്ലം ആയൂരിലാണ് സംഭവം. ഇട്ടിവിള തെക്കേതില്‍ റജുല(35)യ്ക്കാണ് മുഖത്തും കഴുത്തിലുമായി ഗുരുതരമായി പൊള്ളലേറ്റത്. റജുലയുടെ വീട്ടുകാര്‍ നൽകിയ പരാതിയിൽ ഭര്‍ത്താവ് സജീറിനെതിരെ ചടയമംഗലം പോലീസ് കേസെടുത്തു. 

ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. രോഗം മാറാതിരുന്നതിനെ തുടർന്ന് റജുലയും സജീറും ചേർന്ന് ഒരു മന്ത്രവാദിയുടെ അടുത്ത് പോയിരുന്നു. അവിടെ നിന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം ചില മന്ത്രവാദപരമായ കാര്യങ്ങൾ വീട്ടിൽ വെച്ച് ചെയ്യണമെന്ന് മന്ത്രവാദി ആവശ്യപ്പെട്ടു. മുഖത്ത് ഭസ്മം തേക്കുക, മുടി പിരുത്തിയിടുക തുടങ്ങിയ കാര്യങ്ങളാണ് റജുലയോട് ചെയ്യാൻ നിർബന്ധിച്ചത്.

എന്നാൽ ഈ മന്ത്രവാദംകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ് റജുല ഈ കാര്യങ്ങൾ ചെയ്യാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ സജീർ അടുക്കളയിൽ തിളപ്പിച്ചുവെച്ചിരുന്ന മീൻകറി എടുത്ത് റജുലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ റജുലയെ ഉടൻ തന്നെ അഞ്ചലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവർ ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്.

Post a Comment

Previous Post Next Post