മുക്കം: എസ്ഐ ചമഞ്ഞ് തയ്യൽക്കടയിലെ ജീവനക്കാരിയെ കബളിപ്പിച്ച് പണംതട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ. കാസർകോട് തളങ്കര സ്വദേശി മുസ്തഫയാണ് മുക്കം പോലീസിന്റെ പിടിയിലായത്. മുക്കം എസ്ഐ എ.കെ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
ബൈപ്പാസിലെ ബ്യൂട്ടി ലേഡീസ് ടെയ്‌ലറിങ് ഷോപ്പിലെത്തിയ പ്രതി മുക്കം എസ്ഐയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പു നടത്തിയത്. പോലീസ് അസോസിയേഷന് സമ്മാനമായി ലഭിച്ച മൂന്ന് തയ്യൽ മെഷീനുകളുണ്ടെന്നും ഒന്നിന് രണ്ടായിരം രൂപ വീതം തന്നാൽ നൽകാമെന്നും ജീവനക്കാരിയെ വിശ്വസിപ്പിച്ചു. തുടർന്ന്, ജീവനക്കാരിയിൽ നിന്ന് അഡ്വാൻസായി 3000 രൂപ വാങ്ങിയാണ് പ്രതി കടന്നുകളഞ്ഞത്. ഏറെനേരം കാത്തിരുന്നിട്ടും തയ്യൽ മെഷീൻ ലഭിക്കാതായതോടെ, തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട ജീവനക്കാരി പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിയെ തയ്യൽക്കടയിൽ എത്തിച്ച്, പോലീസ് തെളിവെടുപ്പ് നടത്തി. മുക്കം, ഫറോക്ക്, മാവൂർ, പന്തീരാങ്കാവ്, തിരൂരങ്ങാടി, തളിപ്പറമ്പ്, കണ്ണൂർ ടൗൺ, കാസർകോട്, മഞ്ചേശ്വരം, വിദ്യാനഗർ, തളിപ്പറമ്പ്, കണ്ണൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ വഞ്ചനക്കേസുകൾ ഉൾപ്പെടെ ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.