കുന്ദമംഗലം∶ നാട്ടുകാരുടെ കരുതലിനും സഹായത്തിനുമായി കാത്തുനിൽക്കാതെ ജോവിൻ കെ ജയകുമാർ (41) യാത്രയായി. കരൾരോഗ ബാധിതനായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. ചികിത്സാ ചെലവുകൾ നിറവേറ്റുന്നതിനായി നാട്ടുകാർ ചേർന്ന് പ്രത്യേക ചികിത്സാ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിവരികയായിരുന്നു. നാട്ടുകാരുടെ സഹകരണം ലഭിച്ചപ്പോൾ ചികിത്സ തുടരാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ ചികിത്സയ്ക്കിടെ രോഗം ഗുരുതരമായി മാറുകയായിരുന്നു..
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുമ്പാണ് ജോവിൻ കുന്ദമംഗലത്ത് എത്തിയത്. നാട്ടുകാരനല്ലെങ്കിലും നാട്ടുകാരുമായി ഇടകലർന്ന് സ്നേഹം പങ്കുവെച്ച അദ്ദേഹത്തിൻ്റെ രോഗവാർത്ത പുറത്തറിഞ്ഞപ്പോൾ തന്നെ നാട്ടുകാർ കൂട്ടായ്മയായി മുന്നോട്ട് വന്നിരുന്നു. സഹായസമാഹരണം പുരോഗമിച്ചിരുന്ന വേളയിലുണ്ടായ മരണം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി. ചികിത്സാ കമ്മറ്റിയും നാട്ടുകാരും ചേർന്ന് നൽകിയ സ്നേഹത്തിനും കരുതലിനും ഇടയിൽ കണ്ണീരോർമ്മയായി ജോവിന്റെ യാത്ര. ഭാര്യ: ഹർഷ. മക്കൾ: അഭിനന്ദ്, അനോവ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.