ഇന്ന് ഒക്‌ടോബര്‍ 2. ഗാന്ധി ജയന്തി. യുഗപുരുഷന്റെ ജന്മം കൊണ്ട് ലോകത്തിന് മുമ്പില്‍ ഇന്ത്യ അഭിമാനം കൊള്ളുന്ന ദിവസം. ഹിംസയും, വെറുപ്പും, വിദ്വേഷവും, അരങ്ങുവാഴുന്ന ഈ കാലത്തില്‍ ദിനംപ്രതി നാം ഗാന്ധിജിയെ സ്മരിക്കുന്നു. ഓരോ ഓര്‍മയും ധര്‍മ്മവും കര്‍മ്മവുമായി തീരുകയാണ്. നിഷ്‌കളങ്കരില്‍ നിഷ്‌കളങ്കനായ ഗാന്ധിജി സ്വന്തത്തെക്കുറിച്ച് ഒട്ടും ആലോചിക്കാതെ പറഞ്ഞ വാക്കുകള്‍ മാനവ ചരിത്രത്തിലെ മഹാത്മാക്കളുടെ നിരയില്‍ ഗാന്ധിജിയുടെ മഹിമ വിളിച്ചോതുന്നു.
ഒരു പ്രവാചകനും ഒരു വിപ്‌ളവകാരിയും ഈ മഹാമനുഷ്യനെ പോലെ ആജീവനാന്തം സാഹസിയായിരുന്നിട്ടില്ല. ‘മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞാല്‍ വരും തലമുറക്ക് അതു വിശ്വസിക്കാന്‍ പ്രയാസമാകും’ എന്ന് മഹാത്മാഗാന്ധിയെക്കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പറഞ്ഞ വാക്കുകള്‍ മാത്രം മതി ആരാണ് ഗാന്ധിജി എന്നറിയാന്‍.
ഗാന്ധിജി ദൂരെയല്ലെന്നും മനസ്സരികെത്തന്നെയുണ്ടെന്നും നമ്മുടെ പ്രവൃത്തിയിലും ചിന്തയിലും ഉറപ്പാക്കണമെന്നു വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഈ ജന്മദിനം. സ്മൃതി സുഗന്ധമുള്ള ഈ ഗാന്ധിജയന്തി നമുക്ക് ആത്മപരിശോധനയ്ക്കും സ്വയം പുതുക്കലിനുമുള്ള അവസരം കൂടിയായി മാറണം. അതല്ല എങ്കില്‍ കേവലം ഒക്‌ടോബര്‍ രണ്ടായി മാത്രം ഇന്നേദിനം മാറും. ആധുനിക ഭാരതത്തിന്റെ ആത്മാവ്. മഹാത്മ ഗാന്ധിജിക്ക് പകരം വെക്കാനായി മറ്റാരാണ് ഉള്ളത്. ആ ആത്മാവിലേക്ക് അടുക്കുംതോറും ഇന്ത്യയും ഇന്ത്യക്കാരും ജയിക്കുന്നു. അതില്‍ നിന്ന് അകലുമ്പോള്‍ തോല്‍ക്കുകയും ചെയ്യുന്നു.
ആധുനിക ഭാരതത്തിന്റെ ദേശീയോദ്യാനത്തില്‍ വിരിഞ്ഞ ഏറ്റവും വലിയ വസന്തമേതായിരുന്നു എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാവുകയുള്ളൂ മഹാത്മാ ഗാന്ധി. വിവിധ മതങ്ങള്‍ തോളോടു തോള്‍ ചേര്‍ന്നു കഴിയുന്ന രാജ്യമാണു തന്റെ സ്വപ്നത്തിലെ ഇന്ത്യയെന്ന് ഗാന്ധിജി ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു. ഉച്ചനീചത്വങ്ങളില്ലാത്ത, മതവൈരമില്ലാത്ത, അയിത്തവും അനാചാരങ്ങളുമില്ലാത്ത, ഏവര്‍ക്കും തുല്യനീതിയും തുല്യപങ്കാളിത്തവുമുള്ള സമത്വസുന്ദരമായ ഇന്ത്യയാണ് മഹാത്മജി സ്വപ്നം കണ്ടത്.